ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്വൽ യോജന (പിഎംയുവൈ) പദ്ധതിക്ക് കീഴിലുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്.
ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ സർക്കാർ ഒന്നൊന്നായി പിൻവലിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പാവപ്പെട്ട കുടുംബങ്ങളെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
സാധാരണക്കാർക്ക് ആശ്രയമായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ആദ്യം ഇല്ലാതാക്കി. പിന്നീട് പാചകാവശ്യത്തിന് നൽകിയ സബ്സിഡി വെട്ടിക്കുറച്ചതായും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
പിഎംയുവൈ പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിവർഷം ഒൻപത് എൽപിജി സിലിണ്ടറുകൾ സബ്സിഡി ഇനത്തിൽ ലഭ്യമായിരുന്നു.ഇത് നാലായി കുറച്ചു.
പ്രതിവർഷം ആദ്യത്തെ നാല് സിലിണ്ടറുകൾക്ക് മാത്രമായിരിക്കും 300 രൂപ സബ്സിഡിയായി ലഭിക്കുക. അതേസമയം, 2016ൽ പദ്ധതി ആരംഭിച്ചപ്പോൾ 12 സിലിണ്ടറുകൾ ഗുണഭോക്താക്കൾക്ക് സബ്സിഡി ഇനത്തിൽ നൽകിയിരുന്നു.
കഴിഞ്ഞ വർഷം അത് ഒന്‍പതായി കുറച്ചു. കാലക്രമേണ പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.